Sunday 21 December 2014

ഭക്ഷ്യ ആരോഗ്യ സ്വരാജ് തലപ്പലം കര്‍മ്മസമിതിയുടെ പ്രതിമാസ യോഗം





ഭക്ഷ്യ ആരോഗ്യ സ്വരാജ് തലപ്പലം കര്‍മ്മസമിതിയുടെ പ്രതിമാസ യോഗം 


             
    ഭക്ഷ്യ ആരോഗ്യ സ്വരാജ് തലപ്പലം കര്‍മ്മസമിതി യുടെ പ്രതിമാസ യോഗം തോപ്പില്‍ ജോണിയുടെ ഭവനത്തില്‍ കൂടി.ജൈവകൃഷിയില്‍ തല്‍പരരായ 22 കര്‍ഷകര്‍ പങ്കടുത്തു . കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായ കാര്‍ഷിവൃത്തിയിലെ അനുഭവങ്ങല്‍ പരസ്പരം പങ്കു വച്ചു . വെളളത്തിന്റെയും മണ്ണിന്റെയും pH കാണുന്നതിനും pH ഏഴായി ക്രമീകരിക്കുന്നതിനുമുള്ള പരിശിലനം നല്‍കി .

Monday 15 December 2014

വിത്തുപാകി 82 ദിവസം പ്രായമായ ചെടി

പൂര്‍ണ്ണമായും പലേക്കര്‍ ചെലവില്ലാകൃഷി രീതിയില്‍ പരിപാലിച്ചുവരുന്ന നെല്‍ച്ചെടി.വിത്തുപാകി 82 ദിവസം പ്രായമായ ചെടിക്ക് ഘനജീവാമൃതവും ജീവാമൃതവും ഇതുവരെ വളമായി നല്‍കി. കീടനാശിനിയായി പുളിപ്പിച്ച മോരു് (ഒരു ലിറ്റര്‍മോരു് 100ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച്) തളിച്ചു കൊടുത്തു

കര്‍ഷക കൂട്ടായ്മ 82 ദിവസം വളര്‍ച്ചയെത്തിയ നെല്‍ച്ചടികള്‍ക്കൊപ്പം

അവലോകനം

കര്‍ഷക കൂട്ടായ്മ 82 ദിവസത്തെ വളര്‍ച്ചയും നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളും വിശകലനം ചെയ്യുന്നു


Saturday 22 November 2014

സുഹൃത്ത് ടോം നെല്‍സണും മധുച്ചേട്ടനും
3ഏക്കര്‍ വിസ്തൃതി വരുന്ന  പാടത്ത് കൃഷി പഠിക്കുക എന്ന ലക്ഷ്യത്തോട് മധുച്ചേട്ടന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ 22 പേരടങ്ങിയ സംഘം  ജൈവ നെല്‍കൃഷി ചെയ്യാന്‍ തതീരുമാനിച്ചു. 2/10/14 ല്‍ നട്ട നെല്‍ച്ചെടിക ളാണിവ(22/11/2014).






ഉത്തമ കര്‍ഷകന്റെ മനോഭാവം

2/10/2014 - ല്‍ഞാറു നട്ടു. പ്രശ്നങ്ങളൊന്നും ഇല്ല.   11/10/2014- ന്  ജൈവ വളം  ഇട്ടു . വളം ഇടീല്‍ പൂര്‍ത്തിയായുടന്‍ തകര്‍ത്തുപെയ്ത മഴ വളമെല്ലാം ഒഴുക്കിക്കൊണ്ടു പോയി. തകര്‍ത്തുപെയ്ത മഴ നോക്കി മധുച്ചേട്ടന്‍ നിഷ്കളങ്കമായി ചിരിച്ചു. എന്റെയും വളമിടാന്‍ കൂടിയ സുഹൃത്തിന്റെയും മനോവികാരം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളു - ഞങ്ങള്‍ രണ്ടുപരും ജീവിതത്തില്‍ ആദ്യമായാണ് നെല്‍കൃഷിക്കിറങ്ങുന്നത്. മഴ ശമിച്ചുവെന്നു തോന്നിയ 25/10/14 ലും 3/11/14 ലും ഇട്ടവളം മഴവെള്ളം കൊണ്ടു പോയി. മധുച്ചേട്ടന് യാതൊരു ഭാവ വ്യത്യാസവുമില്ല - സന്തോഷം തന്നെ. തുടര്‍ന്ന് 12/11/14 ലും 16/11/14 ലും ഇട്ട വളം എന്തായാലും ചെടികള്‍ക്ക് ഉപകാരപ്പെട്ടു.
സമീപത്തുള്ള പാടശേഖരങ്ങളില്‍ രണ്ടിലേറെ പ്രാവശ്യം കീടനാശിനി പ്രയോഗിച്ചപ്പോള്‍ ഇവിടെ ജൈവ വളമല്ലാതെ ഒന്നും ഉപയോഗച്ചില്ല. രാസവളവും കീടനാശിനയും പ്രയോഗിച്ച പാടത്തേക്കാള്‍ കരുത്തോടെ ഞാറു നട്ട് 50 ദിവസമായ നെല്‍ച്ചെടി നില്‍ക്കുത് കണ്ടപ്പോള്‍ ഞങ്ങള്‍ക്കു സന്തോഷം. ജൈവ വളമുപയോഗിച്ചതുകൊണ്ട് തവളയുള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ കീടങ്ങലെ പ്രതിരോധിക്കാന്‍ പാടത്തുണ്ട്.
സ്കൂള്‍കുട്ടികളും ഞാറുനടുന്നതില്‍ പങ്കാളികളായി                     


                                                                                                                                                               









11/10/2014- വളമായി ജീവാമൃതം തളിച്ചു.വളമിട്ടു തീരേണ്ട താമസം പാടം കവിഞ്ഞൊഴുകിയ മഴ അതും കൊണ്ടു പോയി.





















Thursday 13 November 2014

 

പാറപൊട്ടിച്ചും മരം വെട്ടിയും പഞ്ചിമഘട്ടം വെളുപ്പിക്കാതെ എന്തു വികസനം......?

സിമിന്റും മണലും കല്ലും ഇല്ലാതെ 7 മുതല്‍ 30ദിവസം വരെ സമയത്തിനുള്ളില്‍ വീടുകളും ബഹുനില കെട്ടിടങ്ങളും നിര്‍മ്മിക്കാം. പരിസ്ഥിതി സംരക്ഷണത്തില്‍ പങ്കാളിയാവുകയും ചെയ്യാം.

 സിമിന്റും മണലും കല്ലും വളരെ കുറച്ചുമാത്രം ഉപയോഗിച്ചും ഇവ ഒന്നും ഇല്ലാതെയും വീടുകളും ബഹുനില കെട്ടിടങ്ങളും നിര്‍മ്മിക്കാം. 7 മുതല്‍ 30ദിവസം വരെ സമയത്തിനുള്ളില്‍. ജിപസം ബ്ലോക്കുകള്‍ ഉപയോഗിച്ച് FACTയും ഫോംസിമിന്റ് പാനല്‍ ഉപയോഗിച്ച്  പല സ്വകാര്യ ഏജന്‍സികളും നിങ്ങള്‍ നല്‍കുന്ന പ്ലാനനുസരിച്ച് നിര്‍മ്മിച്ചു നല്‍കും. ചെലവു കുറവാണെന്ന് അവകാശപ്പടുന്നുണ്ടങ്കിലും ഫലത്തില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടിവരുന്ന ചെലവുതന്നെ വരുമെന്നാണ് എന്റെ നിഗമനം.  എന്തായാലും കോണ്‍ക്രീറ്റ് കെട്ടിടങ്ങളെക്കാള്‍ സുരക്ഷിതവും കൂടുതല്‍ കാലപ്പഴക്കവും ലഭിക്കും.
സമയലാഭം മാത്രമല്ല ടെന്‍ഷനും ഒഴിവാക്കാം ഫോംസിമിന്റ് പാനല്‍ ഉപയോഗിച്ച്  നിര്‍മ്മിച്ച കെട്ടിടങ്ങള്‍ reshape ചെയ്യാനും  പൊളിച്ച് മറ്റൊരു  സ്ഥലത്ത് പുനര്‍നിര്‍മ്മിക്കാനും  എളുപ്പമാണ്. നിലവിലുള്ളത് നശിപ്പിച്ച് പുനര്‍ നിര്‍മ്മിക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം ഉണ്ടാവുകയും ഇല്ല. see the link

http://www.vaiotube.com/low-cost-home-builders-in-kerala-watch-out/

Monday 3 November 2014




ആരോഗ്യകരമായ ആഹാരം ജൈവകൃഷിയിലൂടെ.
ജൈവ നെല്‍കൃഷി


ജൈവ നെല്‍തൃഷി 
എനിയ്ക്ക് നെല്‍കൃഷി വശമില്ല. എന്റെ സുഹൃത്ത് ജോസഫ് ആന്റണി മൂലേച്ചാലിന്‍ ജൈവരീതിയില്‍ നെല്‍കൃഷി ചെയ്യുന്ന മധുച്ചേട്ടനെ എനിക്ക് പരിചയപ്പെടുത്തി തന്നു. നെല്‍കൃഷി പഠിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയില്‍ ഞാനും അംഗമായി.25 പേരടങ്ങുന്നതാണ് കൂട്ടായ്മ.വിഷമുക്തമായ അരിയാണ് എല്ലാവരുടെയും ലക്ഷ്യം . നെല്‍കൃഷി പഠിക്കുക എന്ന ലക്ഷ്യം കൂടി എനിക്കുള്ളതുകൊണ്ട് കൃഷിപ്പണികളിലും ഞാന്‍ പങ്കെടുത്തു.
ഒന്നാം ഘട്ടം - ഞാറ്റടി തയ്യാറാക്കി വിത്തു പാകുന്നു.
സെപ്റ്റംമ്പര്‍ 26ന് ഞാറ്റടി തയ്യാറാക്കി


 ഘനജീവാമൃതം ചേര്‍ത്തിളക്കി യോജിപ്പിച്ച ഞാറ്റടിയിലാണ്  വിത്ത് പാകുന്നത്.
പാകുന്നതിനുവേണ്ടി ജീവാമൃതത്തില്‍ കുതിര്‍ത്ത് മുളപ്പിച്ച വിത്ത്.
                                

 വിത്ത് പാകി ഒമ്പത് ദിവസം കഴിഞ്ഞാല്‍ ഞാറു പറിച്ചുനടുന്നതിന് പാകമാകും.
രണ്ടാം ഘട്ടം - ഉഴുത് ഒരുക്കിയ പാടത്ത് ഞാര്‍ നടില്‍ (ഒറ്റഞാര്‍ കൃഷിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്)

9 ദിവസം പ്രായമായ നെല്‍ച്ചെടി(ഞാര്‍)

ഞവരിയടിച്ച് ഞാറുനടാന്‍ പാകമാക്കിയ പാടം.കൂട്ടായ്മയിലെ 4പേരും സ്കൂള്‍ കുട്ടികളും.
നിരയായിനിന്ന് ഞാറു നടുന്നതിനുള്ള തയ്യാറെടുപ്പ്.തലയില്‍ തോര്‍ത്ത് കെട്ടിയിരിക്കുന്നത് ബ്ലോഗര്‍.

 ഒരു കണ്ടം ഞാറുനടീല്‍ പൂര്‍ത്തിയായി.കൂട്ടത്തില്‍ ചെറിയകുട്ടിഎന്റെഇളയമോള്‍എബിറ്റ്.                                            


മൂന്നാം ഘട്ടം  Oct.11 ആദ്യ വളപ്രയോഗത്തിനായി ജീവമൃതം നേര്‍പ്പിച്ച് തയ്യാറുക്കുന്നു.                                                                                               
ജീവാമൃതം പാടത്ത് തളിക്കുന്നു.ഇതുവരെ നോല്‍കൃഷിയുടെ 3 ഘട്ടങ്ങള്‍ പൂര്‍ത്തിയായി.ഇനി അടുത്ത ഘട്ടത്തിനായികാത്തിരിക്കുന്നു.





























Saturday 1 November 2014

Rain shelter (മഴമറ)
 


മഴമറയുടെ ചിത്രങ്ങള്‍ website  -കളില്‍ ഇപ്പോള്‍ ലഭ്യമാണ്. ഒരു വര്‍ഷം മുമ്പ് മഴമറയെക്കുറിച്ച് വ്യക്തമായധാരണയില്ലാതെ ഞാന്‍തന്നെ ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ചതാണ് . ടെറസ്സിന്റെയോ ലഭ്യമായ സ്ഥലത്തിന്റെയോ സൗകര്യമനുസരിച്ച് ഇതിനേക്കാള്‍ നല്ല രീതിയില്‍ മഴമറനിര്‍മ്മിക്കാം. ചതു.മീറ്ററിനു് 65രൂപയാണ്  കൃഷിവകുപ്പിന്റെ estimate. materials നേരിട്ടു വാങ്ങി നിമ്മാണത്തിന് മേല്‍നോട്ടം വഹിച്ചാല്‍  estimate തുകയ്ക്കുതന്നെ പൂര്‍ത്തിയാക്കാം .50% subsidy ലഭിക്കും.

Friday 31 October 2014



തലപ്പലം ഗ്രാമപഞ്ചായത്ത് ഭക്ഷ്യ ആരോഗ്യ സ്വരാജ് കര്‍മ്മസമിതി

ആരോഗ്യകരമായ ആഹാരം ജൈവകൃഷിയിലൂടെ(1)
              തലപ്പുലം പഞ്ചായത്തിലെ ഭക്ഷ്യ-ആരോഗ്യ സ്വരാജ് കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പച്ചക്കറി തൈ വിതരണത്തോടനുബന്ധിച്ച് റിട്ട. കൃഷി ആഫീസറും ഭക്ഷ്യ-ആരോഗ്യ സ്വരാജ് റിസോഴ്‌സ് പേഴ്‌സണുമായ ശ്രീ. സി. കെ. ഹരിഹരന്‍ നടത്തിയ പ്രഭാഷണത്തില്‍നിന്ന്)

പോളിഹൗസുകളിലും പ്രിസിഷന്‍ ഫാമിങ്ങിലും (സൂക്ഷ്മകൃഷി) കീടനാശിനികള്‍ ഒഴിവാക്കാറുണ്ടെങ്കിലും രാസവളങ്ങള്‍ ഒഴിവാക്കാറില്ല. 19: 19: 19 എന്ന രാസവളവും പൊട്ടാസ്യം നൈട്രേറ്റും യൂറിയയും ഒക്കെ വെള്ളത്തിന്റെ കൂടെ അവര്‍ വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ വേണ്ടത്ര പച്ചക്കറികള്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ലാത്ത സാഹചര്യത്തിലാണ് കൃഷി വകുപ്പ് ഇതൊക്ക പ്രോത്സാ ഹിപ്പിക്കുന്നത്.
വിഷാംശമില്ലാത്തതും ആരോഗ്യകരവും രുചികരവുമായ ആഹാരസാധനങ്ങള്‍ സ്വയം ഉത്പാദിപ്പിച്ച് ഉപയോഗിക്കാനും പങ്കുവയ്ക്കാനും ഉദ്ദേശിച്ച് രൂപീകരിച്ചിട്ടുള്ള ഭക്ഷ്യ-ആരോഗ്യ സ്വരാജ് കൂട്ടായ്മകളില്‍ രാസവളങ്ങളും രാസ കീടനാശിനികളും പൂര്‍ണമായും ഉപേക്ഷിക്കേണ്ടതാണ്.
     നമ്മുടെ അനുദിനാഹാരത്തില്‍ ദിവസവും 300 ഗ്രാമെങ്കിലും പച്ചക്കറികള്‍ വേണമെന്നും അതില്‍ 80 ഗ്രാമെങ്കിലും ഇലക്കറികളായിരിക്കണമെന്നും പോഷകാഹാരവിദഗ്ധര്‍ പറയുന്നു. കേരളകാര്‍ഷിക സര്‍വകലാശാല ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ചേമ്പ് വീടുകളില്‍ വളരെ എളുപ്പം വളര്‍ത്താവു ന്നതും വളരെ രുചികരമായ ഇലയും തണ്ടും ഉള്ളതുമായ ഒരിനം ഇലക്കറിയാണ്. കിഴങ്ങിനായി കൃഷി ചെയ്യുന്ന ചേനയുടെയും കായ്ക്കായി കൃഷി ചെയ്യുന്ന മുരിങ്ങയുടെയും ഇലകളും നല്ല ഇലക്കറി കളാണ്. നാം നട്ടുവളര്‍ത്താറുള്ള വിവിധയിനം ചീരകള്‍, തഴുതാമ മുതലായവ പോലെ കാട്ടുചെടി കളായി അവഗണിക്കാറുള്ള തകരയിലയും ചൊറിയണങ്ങിലയും വരെ വേണ്ടതുപോലെ സംസ്‌കരിച്ച് പാകം ചെയ്താല്‍ രുചികരവും നല്ല പോഷകഗുണമുള്ളതും ആണ്.
            ജൈവകൃഷിയുടെ പ്രാധാനത്തെപ്പറ്റി പാശ്ചാത്യര്‍ ആദ്യം മനസ്സിലാക്കുന്നത് ഇന്ത്യാക്കാരെ ആധുനിക കൃഷിരീതി പഠിപ്പിക്കാന്‍ ഇവിടെയെത്തി 1905 മുതല്‍ 1924 വരെ ഇവിടെ ജീവിച്ച പാശ്ചാത്യ കൃഷിശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഹോവാര്‍ഡ് എഴുതിയ 'ആന്‍ അഗ്രിക്കള്‍ച്ചര്‍ ടെസ്റ്റാമിന്‍' എന്ന പുസ്തകത്തിലുടെയാണ്. ആധുനിക കൃഷരീതികളെക്കാള്‍ മാതൃകാപരം ഇന്ത്യയിലെ ഗ്രാമീണ കര്‍ഷകരുടെ കൃഷിരീതികളാണെന്നും ഇത് വ്യാപകമായി പ്രചരിപ്പിക്കേണ്ടതുമാണ് എന്ന് ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയശേഷം അദ്ദേഹം എഴുതിയ ആ പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, നാം അത് ഉള്‍ക്കൊള്ളാനും ജൈവകൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കാനും തയ്യാറാകുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ മാത്രമാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആധുനിക ജൈവകൃഷിയുടെ വ്യാപനത്തിന് ഏറ്റവും വലിയ സംഭാവന നല്കിയിട്ടുള്ളത് മഹാരാഷ്ട്രക്കാരനായ സുഭാഷ് പാലേക്കര്‍ എന്ന കൃഷിശാസ്ത്രജ്ഞനാണ്. അദ്ദേഹത്തെ ഒരു ജനകീയ കൃഷിശാസ്ത്രജ്ഞ നാക്കിയത് ഭൂദാനപ്രസ്ഥാനത്തിലൂടെ ഒരു കാലത്ത് ഭാരതത്തെ ഇളക്കിമറിച്ച ഗാന്ധിശിഷ്യനായ വിനോബാഭാവേ ആയിരുന്നു. അഗ്രിക്കള്‍ച്ചര്‍ ബി. എസ്. സി. പാസ്സായശേഷം എം. എസ്. സി. ക്കു പഠിക്കാന്‍ പഞ്ചാബിലേക്കു പോകുംവഴി വിനോബാഭാവേയെ സന്ദര്‍ശിച്ചപ്പോള്‍ സര്‍വകലാശാലകളിലല്ല, സ്വന്തം ഭൂമിയില്‍ത്തന്നെയാണ് കാര്‍ഷികഗവേഷണം നടത്തേണ്ടതെന്ന് വിനോബാഭാവേ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് സുഭാഷ് പാലേക്കര്‍ മഹാരാഷ്ട്രയില്‍ സ്വന്തം ഭൂമിയില്‍ നടത്തിയ ഗവേഷണങ്ങളിലൂടെ സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ്ങ് എന്ന് ഇന്ന് അറിയപ്പെടുന്ന കൃഷി രീതിയുടെ ഉപജ്ഞാതാവും പ്രചാരകനുമായി മാറുകയുമായിരുന്നു.
ഒരു നാടന്‍ പശുവിന്റെ ചാണകവും മൂത്രവുമുയോഗിച്ച് മുപ്പതേക്കറോളം സ്ഥലത്ത് ജൈവകൃഷി ചെയ്യാനാവും എന്ന കണ്ടെത്തലാണ് അദ്ദേഹത്തിന്റെ കൃഷിരീതി ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കാന്‍ കാരണം.

Thursday 30 October 2014


 
തലപ്പലം ഗ്രാമപഞ്ചായത്ത് ഭക്ഷ്യ ആരോഗ്യ സ്വരാജ് കര്‍മ്മസമിതി


ജൈവകര്‍ഷക കൂട്ടായ്മ.
സ്വന്തം ആവശ്യത്തിന് ജൈവരീതിയില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിന് തയ്യാറുള്ള പത്തു കര്‍ഷകര്‍ വീതമുള്ള കൂട്ടായ്മകള്‍(ജൈവകര്‍ഷക കൂട്ടായ്മ) ചേര്‍ന്നതാണ് ഭക്ഷ്യ ആരോഗ്യ സ്വരാജ് കര്‍മ്മസമിതി. ഇതൊരു അനൗപചാരിക സ്വഭാവമുള്ള പ്രസ്ഥാനമാണ്. അതായത് പ്രസിഡന്റ് , സെക്രട്ടറി , ട്രഷറര്‍ തുടങ്ങിയ പദവികളോ പ്രവര്‍ത്തനഫണ്ടോ ഇല്ല (അധികാരമോഹികള്‍ക്കും കൂടെയുള്ളവരുടെ പോക്കറ്റ് ഉപജീവന മാക്കിയവര്‍ക്കും യാതൊരു സ്കോപ്പും ഇല്ല എന്നു ചുരുക്കം). ജൈവകര്‍ഷക കൂട്ടായ്മയ്ക്കും ഭക്ഷ്യ ആരോഗ്യ സ്വരാജ് കര്‍മ്മ സമിതിയ്ക്കും കണ്‍വീനര്‍മാര്‍ മാത്രമേയുള്ളു. ഓരോ മാസവും കണ്‍വീനര്‍മാര്‍ മാറിക്കൊ ണ്ടിരിക്കും. ആര്‍ക്കും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിവാകാന്‍ സാധ്യമല്ല. ജൈവകര്‍ഷക കൂട്ടായ്മ മാസത്തില്‍ ഒരു തവണയെങ്കിലും അതാതുമാസത്തെ കണ്‍വീനറുടെ ഭവനത്തില്‍ ഒന്നിച്ചു കൂടി കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ആഥിധേയന്റെ അദ്ധ്യഷതയിലാണ് യോഗം കൂടുക.
പ്രവര്‍ത്തനങ്ങള്‍
  1. ജൈവ / പ്രകൃതികൃഷി രീതികളില്‍ അധിഷ് ഠിതമായ പച്ചക്കറികൃഷി,അടുക്കളത്തോട്ടം നെല്‍കൃഷി എന്നിവയുടെ പ്രോത്സാഹനം
  2. കൃഷിയാവശ്യത്തിനുള്ള തൈകള്‍ സൗകര്യപ്രദമായസ്ഥലത്ത് മുളപ്പിച്ച് അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുക.
  3. നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ചുള്ള ജൈവ വളം ജൈവകീടനാശിനി എന്നിവ ഉണ്ടാക്കി അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുക.
  4. ആവശ്യത്തിലധികം വരുന്ന പച്ചകറികള്‍ പഴവര്‍ഗ്ഗങ്ങള്‍ കായ്കള്‍ തുടങ്ങിയവ ജൈവരീതിയില്‍ തന്നെ സംസ്കരിച്ചു വയ്ക്കുന്നതിനുള്ള പരിശീലനം നല്‍കുക.
  5. ഫലമൂലാദികളില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണ പരിശീലനം
  6. ആരോഗ്യകരമായ ആഹാരശീലം വളര്‍ത്തുന്നതിനും ഭക്ഷണത്തിലെ മായം തിരിച്ചറിയുന്നതിനും സഹായകമായ ബോധവല്‍കരണ സെമിനാറുകള്‍ സംഘടിപ്പിക്കുക.
  7. ഭക്ഷണ ആരോഗ്യകാര്യങ്ങള്‍ക്കൊപ്പംതന്നെ വായു, ജലം, ജന്തുജീവജാലങ്ങള്‍ തുടങ്ങിയവയുടെ സംരക്ഷണം ,പ്രാധാന്യം എന്നിവ ജനങ്ങളെ ബോധ്യപ്പെടുത്തുക.
  8. ഭക്ഷ്യ – ഔഷധവിളകളുടെ കൃഷിയെ ജൈവവൈവിധ്യ സംരക്ഷണത്തിനള്ള ഉപാധിയാക്കുക.
  9. യുവാക്കളുടെയും വയോജനങ്ങളുടെയും സമയവും ഊര്‍ജ്ജവം ക്രിയാന്മകമായി ഉപയോഗിക്കുന്ന മേഖലയായി ഭക്ഷ്യആരോഗ്യസ്വരാജ് പ്രവര്‍ത്തനങ്ങളെ മാറ്റിത്തീര്‍ക്കുക.
  10. എല്ലാ രോഗങ്ങള്‍ക്കും പ്രകൃതിയില്‍ തന്നെ പ്രതിവധിയുണ്ട് എന്ന സത്യം ഉള്‍ക്കൊണ്ടുകൊണ്ട് മുത്തശിവൈദ്യം , നാട്ടറിവുകള്‍, പ്രകൃതിജീവനം, യോഗ, ധ്യാനം ,അക്യുപ്രഷര്‍ തുടങ്ങിയ സ്വാശ്രയ ആരോഗ്യ – ചികിത്സാസമ്പ്രദായങ്ങളുടെ പ്രചാരണം.

Saturday 5 April 2014


മാലിന്യമുക്തസംസ്കാരം- സാംസ്കാരിക സംഘടനകളുടെയും റസിഡന്റ്സ് അസ്സോസിയേഷനുകളുടെ പ്രഥമദൗത്യം.

       
ആവര്‍ത്തന വിരസത കൊണ്ട് വൈകല്യം സംഭവിച്ച പദമാണ് “മാലിന്യമുക്തം". കേരളീയരുടെ ഉപഭോക്തൃ സംസ്കാരത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു മാലിന്യം. കാര്‍ഷിക മേഖലയില്‍ ഉല്പാദിപ്പിക്കുന്ന വിഷലിപ്ത ഭക്ഷ്യവസ്തുക്കളും വ്യവസായ മേഖലയിലും ഗാര്‍ഹിക മേഖലയിലും പുറം തള്ളുന്ന മാലിന്യങ്ങളും പരിസ്ഥി തിക്കും ജീവജാലങ്ങള്‍ക്കും മനുഷ്യനുതന്നെയും ഭീക്ഷണിയു യര്‍ത്തുന്നു എന്നതില്‍ മലയാളികള്‍ ബോധവാന്മാരുമാണ്. അതെ, ബോധവല്‍ക്കരണ ത്തിന്റെ കുറവല്ല ഉപഭോക്തൃ സംസ്കാരത്തില്‍ നിന്നുടലെടുത്ത നിസംഗതയും സ്വാര്‍ത്ഥതയു മാണ് സ്വയം നാശത്തിലേക്കുള്ള പാതയിലൂടെ മത്സരഓട്ടത്തിന് മലയാളിയെ പ്രേരിപ്പിക്കുന്നത്.
           മാലിന്യ നിര്‍മ്മാര്‍ജ്ജനം സര്‍ക്കാരോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളോ മാത്രം വിചാരിച്ചാല്‍ നടപ്പാക്കാവുന്ന കാര്യമല്ല. ഓരോ വ്യക്തിയും തന്റെ സൗകര്യാര്‍ത്ഥം ചെയ്യുന്ന പ്രവൃത്തി അയല്‍ക്കാരന് ദ്രോഹമാകില്ല എന്നു മനസ്സു വച്ചാല്‍ മാത്രം മതി. ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് സര്‍ക്കാര്‍ സബ്സിഡിയോടെ നിരവധി പദ്ധതികളുണ്ട്. അടുക്കളയിലെ മാലിന്യം വളമാക്കി മാറ്റുന്നതിനുള്ള എളുപ്പമാര്‍ഗ്ഗമാണ് പൈപ്പ് കമ്പോസ്റ്റ് രീതി. മാലിന്യം ഒഴിവാക്കുന്നതോടൊപ്പം അടുക്കളത്തോട്ടത്തിനാവശ്യമായ മേന്മയേറിയ ജൈവ വളവും ലഭിക്കും.കൂടുതല്‍ അളവിലുള്ള മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് മണ്ണിര കമ്പോസ്റ്റ് ,ബയോഗ്യാസ് പ്ലാന്റ് , തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്താം. ഇങ്ങനെ ലഭിക്കുന്ന ജൈവ വളവും ജൈവ കീടനാശിനയും ഉപയോഗിച്ച് ജൈവകൃഷിയിലൂടെ വിഷമുക്തമായ ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിക്കാം - രോഗങ്ങളെ അകറ്റിനിര്‍ത്താം. അതെ "മാലിന്യമുക്തം ജൈവസമൃദ്ധം" . മാലിന്യ നിര്‍മ്മാര്‍ജ്ജനം പൂര്‍ണ്ണമായും വ്യക്തികേന്ദ്രികൃതം ആണെന്ന് വ്യക്തമായസ്ഥിതിക്ക് സാംസ്കാരിക സംഘടനകള്‍ക്കും കുടുംബകൂട്ടായ്മകളായ റസിഡന്‍സ് അസ്സോസിയേഷനുകള്‍ക്ക് ഇക്കാര്യത്തില്‍ രണ്ടിലൊരു തീരുമാനമെടുക്കാം.
1.മാലിന്യമുക്ത സംസ്കാരം അസാധ്യം എന്ന് പ്രഖ്യാപിച്ച് പിന്‍വാങ്ങാം. ഒട്ടും അധ്വാനം ആവശ്യമില്ലാത്ത “വിവേകപൂര്‍വമായ " തീരുമാനമെന്ന് അഭിമാനിക്കാം.
2.
ആരോഗ്യകരമായ ജീവിത സംസ്കാരം വളര്‍ത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് പ്രാവര്‍ത്തിക മാക്കുക എന്നത് പ്രഥമ ദൗത്യമായി ഏറ്റെടുക്കാം.
രണ്ടാമത്തെ കര്‍മ്മപരിപാടി തിരഞ്ഞെടുക്കുന്ന അസ്സോസിയേഷനുകള്‍ക്കും  സാംസ്കാരിക സംഘടനകള്‍ക്കും നടപ്പിലാക്കാവുന്ന രണ്ട് കര്‍മ്മപരിപാടികളാണ് ജൈവകൃഷിയും പ്ലാസ്റ്റിക്ക് മാലിന്യനിര്‍മാര്‍ജ്ജനവും.
എന്തിന് ജൈവകൃഷി?
കേരളത്തിലെ കാലാവസ്ഥയും മണ്ണും ജൈവവൈവിധ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കാലാവസ്ഥക്കിണങ്ങിയതും രോഗപ്രതിരോധ ശേഷിയുള്ളതുമായ സസ്യജാലങ്ങള്‍ ഉണ്ടായിരുന്ന നാടാണ് കേരളം. ഇന്നാകട്ടെ രാസവള ങ്ങളുടെ‌യും രാസ കീടനാശിനികളുടെയും ഉപയോഗ ഫലമായി മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നതും രോഗ കീടങ്ങളെ നശിപ്പിക്കുന്നതുമായ ബാക്ടീരിയകളും പ്രതികീടങ്ങളും നശിപ്പിക്കപ്പെട്ട അവസ്ഥയി ലാണ് മണ്ണ്. ഉല്പാദന വര്‍ധനവ് ലക്ഷ്യമാക്കിയുള്ള രാസ വളങ്ങളുടെ‌യും കീടനാശിനികളുടെയും ഉപയോഗ ഫലമായി ജലത്തിലൂടെയും ഭക്ഷ്യ വസ്തുക്ക ളിലൂടെയും മനുഷ്യന്‍ ഉള്ളിലാക്കുന്ന വിഷാംശം കരള്‍, വൃക്ക എന്നിവ തകരാറിലാക്കുന്നതിന് പുറമെ ഗര്‍ഭം അലസുന്ന തിനും കാരണമാകുന്നു. വീടുകളിലും പുരയിടത്തിലുമുള്ള ജൈവ മാലിന്യം വളമാക്കി മാറ്റി ജൈവകൃഷിക്കുപയോഗിക്കുകവഴി ഒരേ സമയം മാലിന്യ നിര്‍മ്മാര്‍ജനവും വിഷമുക്ത പച്ചക്കറിയുടെ ഉദ്പാദനവും സാധ്യമാകുന്നു. മാത്രമല്ല ഒരു ഒഴിവു സമയ വിനോദമെന്ന നിലയില്‍ സ്വീകാര്യവുമാണ് ജൈവകൃഷി. 30 ഏക്കര്‍ വരെ ഭൂമിയില്‍ കൃഷി ചെയ്യാന്‍ ഒരു നാടന്‍ പശുവിന്റെ ചാണകവും മൂത്രവും മതിയാകും(സീറോ ബജറ്റ് ഫാമിംഗ്).

പ്ലാസ്റ്റിക് മലിനീകരണം
ഏറെ ജനപ്രീതി നേടിയ കൊലയാളിയാണ് പ്ലാസ്റ്റിക്. ഏറ്റവും ചെലവു കുറഞ്ഞ പായ്ക്കിംങ് ഉപാധിയെന്ന നിലയിലാണ് ഈ അപകടകാരി എല്ലാവര്‍ക്കും പ്രിയങ്കരമാകുന്നത്. സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെയും പങ്കാളിത്ത ത്തോടയാണ് പ്ലാസ്റ്റിക് മലിനീകരണം മുന്നേറുന്നത്. മലിനീകരണത്തിന്റെ ഭവിഷ്യത്തുകള്‍ കൊതുകു പരത്തുന്ന മാരക രോഗങ്ങളായ ചിക്കുന്‍ഗുനിയ, ഡെങ്കുപനി, മലേറിയ, ജപ്പാന്‍ ജ്വരം തുടങ്ങിയവയിലൂടെ പ്രതിഫലമായി നമുക്കു ലഭിച്ചു കൊണ്ടിരി ക്കുന്നു. ഇതിനു പുറമേയാണ് പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്സൈഡ് , ഡയോക് സിന്‍ ഫ്യൂറന്‍സ് , പോളിന്യൂക്ലിയര്‍ ഹൈഡ്രോ കാര്‍ബണ്‍, വോളട്രൈല്‍ ഓര്‍ഗാനിക് കോംമ്പൗണ്ട് ,പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍, ആല്‍ഡിഹൈഡ്സ്  തുടങ്ങിയ മാരക വിഷ വാതകങ്ങള്‍ ഉണ്ടാക്കുന്ന ചികിത്സ ലഭ്യമല്ലാത്ത രോഗങ്ങള്‍. നാം അലക്ഷ്യമായി വലിച്ചെറിയുന്ന ജൈവ, ര മാലിന്യങ്ങളാണ് മേല്‍പറഞ്ഞ രോഗങ്ങള്‍ പരത്തുന്ന കീടങ്ങള്‍ക്ക് വളരുവാന്‍ സാഹചര്യമൊരുക്കുന്നത്നാം അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് , പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ,ടയര്‍, ചിരട്ട  തുടങ്ങിയവയില്‍ കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് രോഗാണുവാഹികളായ കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. കൊതുകിന് പെരുകുവാന്‍ ഒരു സ്പൂണ്‍ വെള്ളം മതിയാകും ! ചിക്കുന്‍ഗുനിയ, ഡെങ്കുപനി, മലേറിയ, ജപ്പാന്‍ ജ്വരം തുടങ്ങിയ രോഗങ്ങള്‍ പരത്തുന്നതില്‍ ഓരോ വ്യക്തിക്കും ഉത്തരവാദിത്വം ഉണ്ടെന്ന് വ്യക്തം. ആരോഗ്യ വകുപ്പ് രണ്ടാം കക്ഷി മാത്രം. ഒരു വീട്ടിലേയ്ക്ക് ഒരു മാസം കൊണ്ട് പരമാവധി 600ഗ്രാം പ്ലാസ്റ്റിക് എത്തി ച്ചേരുന്നു.5000 കുടുംബങ്ങളുള്ള ഒരു പഞ്ചായത്തില്‍ ഒരു മാസം കൊണ്ട് ശരാശരി 3 ടണ്‍ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളപ്പെടുന്നു. കുടുംബശ്രീ പോലുള്ള സംവിധാനം പ്രയോജനപ്പെടുത്തി പ്ലാസ്റ്റിക് സംഭരിച്ച് recycling -ന് നല്‍കിയാല്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടി വരുന്ന ചെലവിന്റെ ഒരു ഭാഗം ലഭിക്കുകയും ചെയ്യും.
ഓരോ വ്യക്തിയും മാലിന്യങ്ങള്‍ തരം തിരിച്ച് (ജൈവ,,പ്ലാസ്റ്റിക് ) അവയ്ക്കു നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്ത് നിക്ഷേപിച്ചാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവയുടെ സംസ്കരണച്ചുമതല ഏറ്റെടുക്കാനാകും. മാലിന്യമുക്തസംസ്കാരം അംഗങ്ങളില്‍ വളര്‍ത്തിയെടുത്ത് റസിഡന്റ്സ് അസ്സോസിയേഷനുകള്‍ക്കും സാംസ്കാരിക സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭര​ണസ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കാനുമാകും.

 


പനയ്ക്കപ്പാലം റസിഡന്റസ് അസ്സോസിയേഷനും ലയ​ണ്‍സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച മാലിന്യമുക്തം ജൈവസമൃദ്ധം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം.(Nov. 2012)