Saturday 5 April 2014


മാലിന്യമുക്തസംസ്കാരം- സാംസ്കാരിക സംഘടനകളുടെയും റസിഡന്റ്സ് അസ്സോസിയേഷനുകളുടെ പ്രഥമദൗത്യം.

       
ആവര്‍ത്തന വിരസത കൊണ്ട് വൈകല്യം സംഭവിച്ച പദമാണ് “മാലിന്യമുക്തം". കേരളീയരുടെ ഉപഭോക്തൃ സംസ്കാരത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു മാലിന്യം. കാര്‍ഷിക മേഖലയില്‍ ഉല്പാദിപ്പിക്കുന്ന വിഷലിപ്ത ഭക്ഷ്യവസ്തുക്കളും വ്യവസായ മേഖലയിലും ഗാര്‍ഹിക മേഖലയിലും പുറം തള്ളുന്ന മാലിന്യങ്ങളും പരിസ്ഥി തിക്കും ജീവജാലങ്ങള്‍ക്കും മനുഷ്യനുതന്നെയും ഭീക്ഷണിയു യര്‍ത്തുന്നു എന്നതില്‍ മലയാളികള്‍ ബോധവാന്മാരുമാണ്. അതെ, ബോധവല്‍ക്കരണ ത്തിന്റെ കുറവല്ല ഉപഭോക്തൃ സംസ്കാരത്തില്‍ നിന്നുടലെടുത്ത നിസംഗതയും സ്വാര്‍ത്ഥതയു മാണ് സ്വയം നാശത്തിലേക്കുള്ള പാതയിലൂടെ മത്സരഓട്ടത്തിന് മലയാളിയെ പ്രേരിപ്പിക്കുന്നത്.
           മാലിന്യ നിര്‍മ്മാര്‍ജ്ജനം സര്‍ക്കാരോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളോ മാത്രം വിചാരിച്ചാല്‍ നടപ്പാക്കാവുന്ന കാര്യമല്ല. ഓരോ വ്യക്തിയും തന്റെ സൗകര്യാര്‍ത്ഥം ചെയ്യുന്ന പ്രവൃത്തി അയല്‍ക്കാരന് ദ്രോഹമാകില്ല എന്നു മനസ്സു വച്ചാല്‍ മാത്രം മതി. ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് സര്‍ക്കാര്‍ സബ്സിഡിയോടെ നിരവധി പദ്ധതികളുണ്ട്. അടുക്കളയിലെ മാലിന്യം വളമാക്കി മാറ്റുന്നതിനുള്ള എളുപ്പമാര്‍ഗ്ഗമാണ് പൈപ്പ് കമ്പോസ്റ്റ് രീതി. മാലിന്യം ഒഴിവാക്കുന്നതോടൊപ്പം അടുക്കളത്തോട്ടത്തിനാവശ്യമായ മേന്മയേറിയ ജൈവ വളവും ലഭിക്കും.കൂടുതല്‍ അളവിലുള്ള മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് മണ്ണിര കമ്പോസ്റ്റ് ,ബയോഗ്യാസ് പ്ലാന്റ് , തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്താം. ഇങ്ങനെ ലഭിക്കുന്ന ജൈവ വളവും ജൈവ കീടനാശിനയും ഉപയോഗിച്ച് ജൈവകൃഷിയിലൂടെ വിഷമുക്തമായ ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിക്കാം - രോഗങ്ങളെ അകറ്റിനിര്‍ത്താം. അതെ "മാലിന്യമുക്തം ജൈവസമൃദ്ധം" . മാലിന്യ നിര്‍മ്മാര്‍ജ്ജനം പൂര്‍ണ്ണമായും വ്യക്തികേന്ദ്രികൃതം ആണെന്ന് വ്യക്തമായസ്ഥിതിക്ക് സാംസ്കാരിക സംഘടനകള്‍ക്കും കുടുംബകൂട്ടായ്മകളായ റസിഡന്‍സ് അസ്സോസിയേഷനുകള്‍ക്ക് ഇക്കാര്യത്തില്‍ രണ്ടിലൊരു തീരുമാനമെടുക്കാം.
1.മാലിന്യമുക്ത സംസ്കാരം അസാധ്യം എന്ന് പ്രഖ്യാപിച്ച് പിന്‍വാങ്ങാം. ഒട്ടും അധ്വാനം ആവശ്യമില്ലാത്ത “വിവേകപൂര്‍വമായ " തീരുമാനമെന്ന് അഭിമാനിക്കാം.
2.
ആരോഗ്യകരമായ ജീവിത സംസ്കാരം വളര്‍ത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് പ്രാവര്‍ത്തിക മാക്കുക എന്നത് പ്രഥമ ദൗത്യമായി ഏറ്റെടുക്കാം.
രണ്ടാമത്തെ കര്‍മ്മപരിപാടി തിരഞ്ഞെടുക്കുന്ന അസ്സോസിയേഷനുകള്‍ക്കും  സാംസ്കാരിക സംഘടനകള്‍ക്കും നടപ്പിലാക്കാവുന്ന രണ്ട് കര്‍മ്മപരിപാടികളാണ് ജൈവകൃഷിയും പ്ലാസ്റ്റിക്ക് മാലിന്യനിര്‍മാര്‍ജ്ജനവും.
എന്തിന് ജൈവകൃഷി?
കേരളത്തിലെ കാലാവസ്ഥയും മണ്ണും ജൈവവൈവിധ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കാലാവസ്ഥക്കിണങ്ങിയതും രോഗപ്രതിരോധ ശേഷിയുള്ളതുമായ സസ്യജാലങ്ങള്‍ ഉണ്ടായിരുന്ന നാടാണ് കേരളം. ഇന്നാകട്ടെ രാസവള ങ്ങളുടെ‌യും രാസ കീടനാശിനികളുടെയും ഉപയോഗ ഫലമായി മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നതും രോഗ കീടങ്ങളെ നശിപ്പിക്കുന്നതുമായ ബാക്ടീരിയകളും പ്രതികീടങ്ങളും നശിപ്പിക്കപ്പെട്ട അവസ്ഥയി ലാണ് മണ്ണ്. ഉല്പാദന വര്‍ധനവ് ലക്ഷ്യമാക്കിയുള്ള രാസ വളങ്ങളുടെ‌യും കീടനാശിനികളുടെയും ഉപയോഗ ഫലമായി ജലത്തിലൂടെയും ഭക്ഷ്യ വസ്തുക്ക ളിലൂടെയും മനുഷ്യന്‍ ഉള്ളിലാക്കുന്ന വിഷാംശം കരള്‍, വൃക്ക എന്നിവ തകരാറിലാക്കുന്നതിന് പുറമെ ഗര്‍ഭം അലസുന്ന തിനും കാരണമാകുന്നു. വീടുകളിലും പുരയിടത്തിലുമുള്ള ജൈവ മാലിന്യം വളമാക്കി മാറ്റി ജൈവകൃഷിക്കുപയോഗിക്കുകവഴി ഒരേ സമയം മാലിന്യ നിര്‍മ്മാര്‍ജനവും വിഷമുക്ത പച്ചക്കറിയുടെ ഉദ്പാദനവും സാധ്യമാകുന്നു. മാത്രമല്ല ഒരു ഒഴിവു സമയ വിനോദമെന്ന നിലയില്‍ സ്വീകാര്യവുമാണ് ജൈവകൃഷി. 30 ഏക്കര്‍ വരെ ഭൂമിയില്‍ കൃഷി ചെയ്യാന്‍ ഒരു നാടന്‍ പശുവിന്റെ ചാണകവും മൂത്രവും മതിയാകും(സീറോ ബജറ്റ് ഫാമിംഗ്).

പ്ലാസ്റ്റിക് മലിനീകരണം
ഏറെ ജനപ്രീതി നേടിയ കൊലയാളിയാണ് പ്ലാസ്റ്റിക്. ഏറ്റവും ചെലവു കുറഞ്ഞ പായ്ക്കിംങ് ഉപാധിയെന്ന നിലയിലാണ് ഈ അപകടകാരി എല്ലാവര്‍ക്കും പ്രിയങ്കരമാകുന്നത്. സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെയും പങ്കാളിത്ത ത്തോടയാണ് പ്ലാസ്റ്റിക് മലിനീകരണം മുന്നേറുന്നത്. മലിനീകരണത്തിന്റെ ഭവിഷ്യത്തുകള്‍ കൊതുകു പരത്തുന്ന മാരക രോഗങ്ങളായ ചിക്കുന്‍ഗുനിയ, ഡെങ്കുപനി, മലേറിയ, ജപ്പാന്‍ ജ്വരം തുടങ്ങിയവയിലൂടെ പ്രതിഫലമായി നമുക്കു ലഭിച്ചു കൊണ്ടിരി ക്കുന്നു. ഇതിനു പുറമേയാണ് പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്സൈഡ് , ഡയോക് സിന്‍ ഫ്യൂറന്‍സ് , പോളിന്യൂക്ലിയര്‍ ഹൈഡ്രോ കാര്‍ബണ്‍, വോളട്രൈല്‍ ഓര്‍ഗാനിക് കോംമ്പൗണ്ട് ,പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍, ആല്‍ഡിഹൈഡ്സ്  തുടങ്ങിയ മാരക വിഷ വാതകങ്ങള്‍ ഉണ്ടാക്കുന്ന ചികിത്സ ലഭ്യമല്ലാത്ത രോഗങ്ങള്‍. നാം അലക്ഷ്യമായി വലിച്ചെറിയുന്ന ജൈവ, ര മാലിന്യങ്ങളാണ് മേല്‍പറഞ്ഞ രോഗങ്ങള്‍ പരത്തുന്ന കീടങ്ങള്‍ക്ക് വളരുവാന്‍ സാഹചര്യമൊരുക്കുന്നത്നാം അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് , പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ,ടയര്‍, ചിരട്ട  തുടങ്ങിയവയില്‍ കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് രോഗാണുവാഹികളായ കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. കൊതുകിന് പെരുകുവാന്‍ ഒരു സ്പൂണ്‍ വെള്ളം മതിയാകും ! ചിക്കുന്‍ഗുനിയ, ഡെങ്കുപനി, മലേറിയ, ജപ്പാന്‍ ജ്വരം തുടങ്ങിയ രോഗങ്ങള്‍ പരത്തുന്നതില്‍ ഓരോ വ്യക്തിക്കും ഉത്തരവാദിത്വം ഉണ്ടെന്ന് വ്യക്തം. ആരോഗ്യ വകുപ്പ് രണ്ടാം കക്ഷി മാത്രം. ഒരു വീട്ടിലേയ്ക്ക് ഒരു മാസം കൊണ്ട് പരമാവധി 600ഗ്രാം പ്ലാസ്റ്റിക് എത്തി ച്ചേരുന്നു.5000 കുടുംബങ്ങളുള്ള ഒരു പഞ്ചായത്തില്‍ ഒരു മാസം കൊണ്ട് ശരാശരി 3 ടണ്‍ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളപ്പെടുന്നു. കുടുംബശ്രീ പോലുള്ള സംവിധാനം പ്രയോജനപ്പെടുത്തി പ്ലാസ്റ്റിക് സംഭരിച്ച് recycling -ന് നല്‍കിയാല്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടി വരുന്ന ചെലവിന്റെ ഒരു ഭാഗം ലഭിക്കുകയും ചെയ്യും.
ഓരോ വ്യക്തിയും മാലിന്യങ്ങള്‍ തരം തിരിച്ച് (ജൈവ,,പ്ലാസ്റ്റിക് ) അവയ്ക്കു നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്ത് നിക്ഷേപിച്ചാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവയുടെ സംസ്കരണച്ചുമതല ഏറ്റെടുക്കാനാകും. മാലിന്യമുക്തസംസ്കാരം അംഗങ്ങളില്‍ വളര്‍ത്തിയെടുത്ത് റസിഡന്റ്സ് അസ്സോസിയേഷനുകള്‍ക്കും സാംസ്കാരിക സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭര​ണസ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കാനുമാകും.

 


പനയ്ക്കപ്പാലം റസിഡന്റസ് അസ്സോസിയേഷനും ലയ​ണ്‍സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച മാലിന്യമുക്തം ജൈവസമൃദ്ധം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം.(Nov. 2012)